കൊച്ചി: എസ്എസ്എല്‍സി ബുക്കിന്റെയും സ്കൂള്‍ പ്രവേശന രജിസ്റ്ററിന്റെയും അടിസ്ഥാനത്തില്‍ പ്രായം നിശ്ചയിച്ചു പോക്സോ കേസ് പ്രതിക്ക് പത്തു വര്‍ഷം തടവുശിക്ഷ വിധിച്ച വിചാരണക്കോടതി ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ബാലനീതി നിയമപ്രകാരം ഇരയുടെ പ്രായം നിശ്ചയിക്കുന്നതില്‍ ഈ രേഖകള്‍ മതിയായ തെളിവുകളാണെന്നു വിലയിരുത്തിയാണ് ജസ്റ്റീസ് എ. ബദറുദ്ദീന്റെ ഉത്തരവ്.
മഞ്ചേരി പോക്സോ കോടതി ഉത്തരവിനെതിരേയാണ് മലപ്പുറം സ്വദേശിയായ 41കാരന് ചേവായി മോഹന്‍ദാസ് ഹൈക്കോടതിയെ സമീപിച്ചത്. പോക്സോ നിയമത്തിന്റെ വിവിധ വകുപ്പുകളിലായി 40 വര്‍ഷം തടവിനു ശിക്ഷിച്ച നടപടി മതിയായ തെളിവുകളില്ലാതെയാണെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. അതിജീവിതയുടെ പ്രായം 18ല്‍ താഴെയാണെന്നു തെളിയിക്കാനായിട്ടില്ലെന്നായിരുന്നു വാദം. നൃത്തം പഠിക്കാനെത്തിയ പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയെന്നാണ് ഇയാള്‍ക്കെതിരായ കേസ്.
പിന്നീട് പെണ്‍കുട്ടി കുഞ്ഞിന് ജന്മം നല്കി. ഇരയ്ക്ക് 18നുമേല്‍ പ്രായമുണ്ടായിരുന്നുവെന്നും ഉഭയസമ്മത പ്രകാരമുള്ള ബന്ധമാണു നടന്നതെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഇരയുടെ പ്രായം തെളിയിക്കാന്‍ ഹാജരാക്കിയ എസ്എസ്എല്‍സി ബുക്കും സ്കൂളിലെ അഡ്മിഷന് രജിസ്റ്ററും മതിയായ തെളിവല്ലെന്നും വാദിച്ചു.
എന്നാല്‍, ഈ വാദം കോടതി തള്ളി. രേഖകള്‍ പ്രകാരം ഇരയുടെ പ്രായം 18 വയസില്‍ താഴെയാണെന്നും ഉഭയസമ്മത പ്രകാരമുള്ള ബന്ധമെന്ന വാദത്തിനു പ്രസക്തിയില്ലെന്നും കോടതി വ്യക്തമാക്കി. മാത്രമല്ല കുട്ടി ഇയാളുടേതാണെന്ന് ഡിഎന്‍എ പരിശോധനയില്‍ തെളിഞ്ഞ സാഹചര്യംകൂടി കണക്കിലെടുത്ത് അപ്പീല്‍ ഹര്‍ജി തള്ളുകയായിരുന്നു.